Feb 2, 2010

ആളെ കൊന്നും പ്രചാരം കൂട്ടുന്ന മാധ്യമങ്ങള്‍

Share

മലയാളിയുടെ മനസ്സിനെ, അവന്റെ ചിന്തകളെ ഒരു പരിധിവരെ എങ്കിലും കുറെ കാലമായി നിയന്ത്രിക്കുന്നത്‌ പത്രങ്ങളും ചാനലുകളും അടങ്ങുന്ന മാധ്യമങ്ങളാണ്. എന്ത് കഴിക്കണം, എങ്ങിനെ നടക്കണം, എന്ത് ചെയ്യണം എന്നൊക്കെ മാധ്യമ വര്‍ഗത്തെ നോക്കിയാണ് ശരാശരി മലയാളി പഠിക്കുന്നത്. മനുഷ്യന്റെ സ്വകാര്യതയും പ്രതികരണ ശേഷിയും മറ്റുള്ളവര്‍ക്ക് മുന്നില്‍ ആഭാസമായി ചിത്രീകരിച്ചു പ്രചാരണം കൂട്ടുന്ന മാധ്യമ സംഘം പലപ്പോഴും നമ്മുടെ മുന്നില്‍ വിളമ്പുന്നത് അസത്യങ്ങള്‍ വേവിച്ചു തന്നെയാണ്. ഒരുളുപ്പുമില്ലാതെ ഏറ്റവും മുന്നില്‍ ഞാന്‍ എന്ന രീതിയില്‍, മത്സരിക്കുകയാണ് മലയാളത്തിലെ പല മാധ്യമങ്ങളും. അതിനായി, ധാര്‍മ്മികതയുടെ അംശം പോലുമില്ലാത്ത വിവരണങ്ങളും, കണ്ടാല്‍ മാനസികമായി തകര്‍ന്നു പോകുന്ന വിഷ്വലുകളും നമ്മുടെ മനസ്സിലേക്ക് തിരുകി കയറ്റുന്നു. പലപ്പോഴും പല കാര്യങ്ങളും അവനവന്റെ രാഷ്ട്രീയത്തിനും സ്ഥാപിത താല്പ്പര്യതിനുമാനുസരിച്ചാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

ഇന്നിതാ ഉച്ചയ്ക്ക് ഒന്നേകാലോടെ മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍, കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്ന് പറഞ്ഞു ആഘോഷം തുടങ്ങിയിരിക്കുന്നു. ചന്ദ്രനില്‍ വരെ റിപ്പോര്ട്ടര്മാരുണ്ട് എന്ന് ഭാവിക്കുന്ന ഇവരില്‍ പലരും, ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തിറക്കുമ്പോള്‍ അതില്‍ എത്രമാത്രം സത്യമുണ്ട് എന്ന് കണ്ടെത്തേണ്ടിയിരുന്നു. അതെങ്ങിനെ, കാര്യങ്ങള്‍ ഒക്കെ അന്വേഷിക്കുമ്പോഴേക്കും മറ്റുള്ള ചാനലില്‍ വാര്‍ത്ത‍ വന്നാല്‍ പിന്നെ എന്തോന്ന് ചാനല്‍ എന്തോന്ന് പത്രം അല്ലെ. മനോരമ ന്യൂസില്‍ ഉച്ചയ്ക്ക് ഒന്നേ പതിനഞ്ചുമുതല്‍ ഇരുപതു മിനുട്ടോളം കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്ന ഫ്ലാഷിനോടൊപ്പം അദ്ധേഹത്തിന്റെ ചരിത്രം. ഏഷ്യാനെറ്റ് ന്യൂസിലും അതുപോലെ തന്നെ... ഒരു പരസ്യം കഴിഞ്ഞു വന്നപ്പോഴേക്കും പെട്ടെന്ന് എല്ലാം നിശബ്ദം. അടുത്ത ഫ്ലാഷ്, കൊച്ചിന്‍ ഹനീഫ അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിന്‍ ഹനീഫ 'വീണ്ടും മരിച്ചത് കൊണ്ട്' ഇവന്മാര്‍ രക്ഷപ്പെട്ടു. ആ നാണക്കേടില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടു. അങ്ങിനെ അല്ലായിരുന്നെങ്കില്‍ അദ്ധേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ധേഹത്തെ സ്നേഹിച്ചിരുന്ന പതിനായിരങ്ങള്‍ക്കും ഉണ്ടായ മനോ വേദനയ്ക്ക് ആര് സമാധാനം പറയും. നാഴികയ്ക്ക് നാല്‍പ്പതുവട്ടം, മലയാളത്തില്‍ ഏറ്റവും മുന്നില്‍ ഞങ്ങള്‍ എന്ന് വീമ്പിളക്കുന്ന ഇവരുടെ ഈ മത്സരമൊക്കെ എന്ന് തീരുമോ ആവോ?

മനോരമയുടെയും മാതൃഭൂമിയുടെയും ഓണ്‍ ലൈന്‍ പതിപ്പിലും കൊച്ചിന്‍ ഹനീഫ മരിച്ചതായി വിശദമായ വാര്‍ത്ത. ബ്രൌസര്‍ ഒന്ന് റിഫ്രെഷ് ചെയ്തപ്പോളെക്കും വാര്‍ത്തയില്ല.
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാംപണ്ട് ചാനലുകളൊക്കെ ഇത്ര വ്യപകമാകുന്നതിന് മുന്‍പ്, നടന്‍ തിലകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു പത്രമുത്തശ്ശി അദ്ധേഹത്തിന്റെ ചരിത്രം പ്രിന്റ്‌ ചെയ്യാനായി അദ്ധേഹത്തിന്റെ മരണവും പ്രതീക്ഷിച്ചു കാത്തുകെട്ടി കിടന്ന കാര്യം തിലകന്‍ തന്നെ പിന്നീട് പറഞ്ഞതോര്‍ക്കുന്നു. ഇനി എന്തൊക്കെ കാണണം.

പ്രീയ താരത്തിന് ആദരാഞ്ജലികള്‍

Read more...