Feb 2, 2010

ആളെ കൊന്നും പ്രചാരം കൂട്ടുന്ന മാധ്യമങ്ങള്‍

Share

മലയാളിയുടെ മനസ്സിനെ, അവന്റെ ചിന്തകളെ ഒരു പരിധിവരെ എങ്കിലും കുറെ കാലമായി നിയന്ത്രിക്കുന്നത്‌ പത്രങ്ങളും ചാനലുകളും അടങ്ങുന്ന മാധ്യമങ്ങളാണ്. എന്ത് കഴിക്കണം, എങ്ങിനെ നടക്കണം, എന്ത് ചെയ്യണം എന്നൊക്കെ മാധ്യമ വര്‍ഗത്തെ നോക്കിയാണ് ശരാശരി മലയാളി പഠിക്കുന്നത്. മനുഷ്യന്റെ സ്വകാര്യതയും പ്രതികരണ ശേഷിയും മറ്റുള്ളവര്‍ക്ക് മുന്നില്‍ ആഭാസമായി ചിത്രീകരിച്ചു പ്രചാരണം കൂട്ടുന്ന മാധ്യമ സംഘം പലപ്പോഴും നമ്മുടെ മുന്നില്‍ വിളമ്പുന്നത് അസത്യങ്ങള്‍ വേവിച്ചു തന്നെയാണ്. ഒരുളുപ്പുമില്ലാതെ ഏറ്റവും മുന്നില്‍ ഞാന്‍ എന്ന രീതിയില്‍, മത്സരിക്കുകയാണ് മലയാളത്തിലെ പല മാധ്യമങ്ങളും. അതിനായി, ധാര്‍മ്മികതയുടെ അംശം പോലുമില്ലാത്ത വിവരണങ്ങളും, കണ്ടാല്‍ മാനസികമായി തകര്‍ന്നു പോകുന്ന വിഷ്വലുകളും നമ്മുടെ മനസ്സിലേക്ക് തിരുകി കയറ്റുന്നു. പലപ്പോഴും പല കാര്യങ്ങളും അവനവന്റെ രാഷ്ട്രീയത്തിനും സ്ഥാപിത താല്പ്പര്യതിനുമാനുസരിച്ചാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

ഇന്നിതാ ഉച്ചയ്ക്ക് ഒന്നേകാലോടെ മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍, കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്ന് പറഞ്ഞു ആഘോഷം തുടങ്ങിയിരിക്കുന്നു. ചന്ദ്രനില്‍ വരെ റിപ്പോര്ട്ടര്മാരുണ്ട് എന്ന് ഭാവിക്കുന്ന ഇവരില്‍ പലരും, ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തിറക്കുമ്പോള്‍ അതില്‍ എത്രമാത്രം സത്യമുണ്ട് എന്ന് കണ്ടെത്തേണ്ടിയിരുന്നു. അതെങ്ങിനെ, കാര്യങ്ങള്‍ ഒക്കെ അന്വേഷിക്കുമ്പോഴേക്കും മറ്റുള്ള ചാനലില്‍ വാര്‍ത്ത‍ വന്നാല്‍ പിന്നെ എന്തോന്ന് ചാനല്‍ എന്തോന്ന് പത്രം അല്ലെ. മനോരമ ന്യൂസില്‍ ഉച്ചയ്ക്ക് ഒന്നേ പതിനഞ്ചുമുതല്‍ ഇരുപതു മിനുട്ടോളം കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്ന ഫ്ലാഷിനോടൊപ്പം അദ്ധേഹത്തിന്റെ ചരിത്രം. ഏഷ്യാനെറ്റ് ന്യൂസിലും അതുപോലെ തന്നെ... ഒരു പരസ്യം കഴിഞ്ഞു വന്നപ്പോഴേക്കും പെട്ടെന്ന് എല്ലാം നിശബ്ദം. അടുത്ത ഫ്ലാഷ്, കൊച്ചിന്‍ ഹനീഫ അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിന്‍ ഹനീഫ 'വീണ്ടും മരിച്ചത് കൊണ്ട്' ഇവന്മാര്‍ രക്ഷപ്പെട്ടു. ആ നാണക്കേടില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടു. അങ്ങിനെ അല്ലായിരുന്നെങ്കില്‍ അദ്ധേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ധേഹത്തെ സ്നേഹിച്ചിരുന്ന പതിനായിരങ്ങള്‍ക്കും ഉണ്ടായ മനോ വേദനയ്ക്ക് ആര് സമാധാനം പറയും. നാഴികയ്ക്ക് നാല്‍പ്പതുവട്ടം, മലയാളത്തില്‍ ഏറ്റവും മുന്നില്‍ ഞങ്ങള്‍ എന്ന് വീമ്പിളക്കുന്ന ഇവരുടെ ഈ മത്സരമൊക്കെ എന്ന് തീരുമോ ആവോ?

മനോരമയുടെയും മാതൃഭൂമിയുടെയും ഓണ്‍ ലൈന്‍ പതിപ്പിലും കൊച്ചിന്‍ ഹനീഫ മരിച്ചതായി വിശദമായ വാര്‍ത്ത. ബ്രൌസര്‍ ഒന്ന് റിഫ്രെഷ് ചെയ്തപ്പോളെക്കും വാര്‍ത്തയില്ല.
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം



പണ്ട് ചാനലുകളൊക്കെ ഇത്ര വ്യപകമാകുന്നതിന് മുന്‍പ്, നടന്‍ തിലകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു പത്രമുത്തശ്ശി അദ്ധേഹത്തിന്റെ ചരിത്രം പ്രിന്റ്‌ ചെയ്യാനായി അദ്ധേഹത്തിന്റെ മരണവും പ്രതീക്ഷിച്ചു കാത്തുകെട്ടി കിടന്ന കാര്യം തിലകന്‍ തന്നെ പിന്നീട് പറഞ്ഞതോര്‍ക്കുന്നു. ഇനി എന്തൊക്കെ കാണണം.

പ്രീയ താരത്തിന് ആദരാഞ്ജലികള്‍


Share/Bookmark

12 അഭിപ്രായം:

രാമചന്ദ്രൻ വെട്ടിക്കാട്ട് 2/02/2010 8:02 PM  

വലിയ വായില്‍ ഞങ്ങള്‍ മാത്രമാണ് ശരിയെന്ന് വിളിച്ച് കൂവുന്ന മാധ്യമ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന കാലം വരും.

കൊച്ചിന്‍ ഹനീഫ അന്തരിച്ച വാര്‍ത്ത സത്യമായപ്പോള്‍ സന്തോഷിച്ചിരിക്കുക ഈ മാധ്യമ പിമ്പുകളായിരുന്നിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് നേരെ നീളുന്ന വിമര്‍ശനങ്ങള്‍ക്ക് എന്ത് മറുപടി പറയുമായിരുന്നു ഈ ശവം തീനികള്‍??

Nidhin Jose 2/02/2010 8:36 PM  

ദയനീയ കാഴ്ച്ചകള്‍ കാട്ടി ഹിറ്റ് കൂട്ടാനും ചാലുകാരുടെ മത്സരം ഒന്നുകാകേണടതുതന്നെ.....

എല്‍.റ്റി. മറാട്ട് 2/02/2010 8:44 PM  

theerchayayum..ee malsaram apalaneeyam thanne..

Unknown 2/02/2010 8:55 PM  
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil 2/02/2010 9:14 PM  

മരണമായാലും മഹാമാരിയായാലും ആഘോഷിക്കുക എന്ന നിലയിലേക്ക് ചാനല്‍ സംസ്കാരം എത്തിയിരിക്കുന്നു.

Tijo George 2/03/2010 12:09 AM  

കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.

പകല്‍കിനാവന്‍ | daYdreaMer 2/03/2010 12:34 AM  

ഇതൊക്കെ ആരോടു പറയാന്‍? ഇനിയും യാതൊരു ഉളുപ്പുമില്ലാതെ പലതും തട്ടിവിടും. പിന്നേം ശങ്കരന്‍ തെങ്ങേല്‍!

Appu Adyakshari 2/03/2010 10:33 AM  

ഇവന്മാർ പഠിക്കുകയില്ല; നല്ല ശക്തമായ മാധ്യമ പെരുമാറ്റച്ചട്ടങ്ങൾ വന്നേപറ്റൂ. അതെങ്ങനെ, അപ്പോഴേക്ക് അത് നിയന്ത്രണം ആണെന്നുപറഞ്ഞ് ബഹളം തുടങ്ങും. ഇനി ലുങ്കിന്യൂസുകൾ ഫ്ലാഷായി വരുന്ന കാലം വിദൂരമല്ല!

Typist | എഴുത്തുകാരി 2/03/2010 1:12 PM  

ചാനലുകാര്‍ക്ക് എല്ലാം ആഘോഷമല്ലേ, അതു ദുരന്തമായാല്‍ പോലും. മരിച്ചു എന്നൊക്കെ കൊടുക്കുമ്പോള്‍ അതു സത്യമാണോ എന്നന്വേഷിക്കാനുള്ള ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേ? അതിനെങ്ങനെ, അതൊക്കെ അന്വേഷിച്ചു വരുമ്പോഴേക്കും ഇവര്‍ പുറകിലായിപ്പോവില്ലേ? ‍

നാട്ടുകാരന്‍ 2/03/2010 3:28 PM  

ആരെങ്കിലും പറയുന്നത് വാര്‍ത്തയാക്കിയില്ലെങ്കില്‍ അതിന്റെ സ്ഥിതീകരണം വരാന്‍ അന്വേഷിച്ച് വരുമ്പോഴേക്കും ആ വാര്‍ത്ത മറ്റൊരു ചാനലില്‍ അഘോഷിച്ചു കഴിഞ്ഞിരിക്കും. ഇപ്പോള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഞങ്ങള്‍ ആണെന്നു പറഞ്ഞാലല്ലേ വിലയുള്ളൂ.... അതിനൊറ്റ പരിഹാരമേയുള്ളൂ....രണ്ടുംകല്‍പ്പിച്ച് അങ്ങ് വിടുക...ശരിയായാല്‍ രക്ഷപെട്ടു !

അതിലൊക്കെ കഷ്ടം വീട്ടുകാര്‍ക്ക് ഒന്നു കരയാനുള്ള സ്വാതന്ത്ര്യം പോലും ഇവര്‍ നല്‍കുന്നില്ല...കരഞാല്‍ ഇവരുടെ ക്യാമെറ അവരുടെ വായ്ക്കുള്ളില്‍ വരെ കയറി അതു നാട്ടുകാരെ കാണിക്കും :)

ഒരു കൂട്ട ദുരന്തമുണ്ടായാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മരണസംഖ്യ കാണിക്കുന്ന ചാനലിന്റെ പുറകേയല്ലേ നമ്മള്‍ എല്ലാവരും പോകുന്നത് ?
അതിന്റെ ശരിതെറ്റുകളൊന്നും നമ്മള്‍ പരിഗണിക്കാറില്ലല്ലോ !
ഇങ്ങനെയുള്ള നമ്മള്‍ തന്നെയല്ലേ ഒരു പരിധിവരെ ഈ തെറ്റുകള്‍ തുടരുവാന്‍ കാരണവും !...........

നാട്ടുകാരന്‍ 2/03/2010 3:36 PM  
This comment has been removed by the author.
നാട്ടുകാരന്‍ 2/03/2010 3:37 PM  

അതു മാത്രമല്ല...പലപ്പോഴും പ്രശസ്തരുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരേ മുന്‍പ് തന്നെ പലപ്പോഴും അവര്‍ മരിച്ചിട്ടുണ്ടാവും ! അവര്‍ മരിച്ചതിനുശേഷം പലരോടും കൂടിയാലോചിച്ച് മാത്രമേ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാറുള്ളൂ....ഇതിനു ചിലപ്പൊള്‍ മണിക്കൂറുകള്‍ താമസമുണ്ടാവും ! പല നേതക്കന്മാരുടെയും കാര്യത്തില്‍ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അതേസമയം ആ രോഗിയേ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ആളുകള്‍ക്ക് മരിച്ചു എന്നു ക്രുത്യമായി അറിയുകയും ചെയ്യാം ! അവര്‍ അതു പലപ്പോഴും പുറത്ത് പറയുകയും ചെയ്യും !

ഈ വാര്‍ത്തയും അങ്ങനെയല്ല എന്നു പറയാന്‍ സാധിക്കുമോ ?